April 10, 2025
 
Advertisement

ELECTRIC GUITAR

TOP LINE

LATEST

TUTORIALS

HIGHLIGHT

PERFORMANCE

പ്രശസ്ത സംഗീത സംവിധായകന്‍ വി.ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

By smug - Friday, August 2, 2013

കര്‍ണ്ണാടക സംഗീതജ്ഞനും, സുപ്രസിദ്ധ ചലച്ചിത്ര സംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി(94) അന്തരിച്ചു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ 125ലേറെ സിനിമകളില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ചെന്നൈയിലെ മൈലാപൂരില്‍ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈയില്‍ നടക്കും.
പാര്‍വ്വതി അമ്മാളുടേയും, ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22ന് ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്. അമ്മയായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ ആദ്യ ഗുരു. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളും മറ്റും ചെറുപ്പത്തില്‍ തന്നെ ദക്ഷിണാമൂര്‍ത്തി മനസ്സിലാക്കിയിരുന്നു. പത്താം ക്ലാസ്സിനു ശേഷമാണ് ദക്ഷിണാമൂര്‍ത്തി കര്‍ണ്ണാടിക് സംഗീതം അഭ്യസിക്കുന്നത്. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. പിന്നീട് കര്‍ണ്ണാടിക് സംഗീതത്തില്‍ കൂടുതല്‍ അറിവ് നേടി.
കെ. കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, കുഞ്ചാക്കോ നിര്‍മ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. കെ. ജെ. യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിന്‍ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിനും ദക്ഷിണാമൂര്‍ത്തിയുടെ ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്ര, സീരിയല്‍ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി രചിച്ച ധാരാളം ഗാനങ്ങള്‍ക്കും ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്നിട്ടുണ്ട്. എ. ആര്‍. റഹ്മാന്റെ പിതാവ് ആര്‍. കെ. ശേഖര്‍ കുറച്ച് ചിത്രങ്ങളില്‍ ദക്ഷിണാമൂര്‍ത്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി പ്രശസ്തരായ പല ഗായകരുടേയും, സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി. ലീല, പി. സുശീല, കല്ല്യാണി മേനോന്‍, ഇളയരാജ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
അമ്പത് വര്‍ഷത്തിലേറെ സംഗീത സംവിധാന രംഗത്ത് സജീവമായിരുന്ന ദക്ഷിണാമൂര്‍ത്തി 2008ല്‍ തന്റെ തൊണ്ണൂറാം വയസില്‍ സംഗീത സംവിധാന മേഖലയില്‍ നിന്നും വിരമിച്ചു. മിഴികള്‍ സാക്ഷി ആയിരുന്നു അവസാനചിത്രം. 859 പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Pages 22123456 »
Advertisement