Advertisement

Latest News

'മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പ്രഖ്യാപിക്കണം'

By smug - Friday, June 14, 2013

പട്‌ന: അടുത്തപാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയല്ലന്ന് ബി.ജെ.പി പ്രഖ്യാപിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യു നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ബി.ജെ.പി പരസ്യമായി തന്നെ പ്രഖ്യാപിക്കണമെന്നും രഹസ്യ ഉറപ്പുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, സഖ്യം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ച യോഗത്തിന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ എത്തിയില്ല. ഉപമുഖ്യമന്ത്രി സുശീല്‍ മോഡിയേയും മറ്റ് മുതിര്‍ന്ന നേതാക്കളെയുമാണ് നിതീഷ്‌കുമാര്‍ ചര്‍ച്ചയ്ക്കായി വിളിച്ചത്. 

സഖ്യം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് തങ്ങളെ വിളിച്ചതെന്നും എന്നാല്‍ അത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലാത്തതുകൊണ്ടാണ് പോകാത്തതെന്നും ബിഹാറിലെ എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ ബി.ജെ.പി നേതാവ് നന്ദകിഷോര്‍ അറിയിച്ചു. 

നരേന്ദ്രമോഡിയെ ബി.ജെ.പി.യുടെ പ്രചാരണ സമിതി അധ്യക്ഷനാക്കിയ സാഹചര്യത്തില്‍ നിലപാടുകള്‍ ചര്‍ച്ച ചെയ്യാനുള്ള ജെ.ഡി.-യു. നേതൃയോഗം ഇന്ന് തുടങ്ങും. സഖ്യം വിടാനുള്ള തീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.

സഖ്യത്തില്‍നിന്ന് വിട്ടുപോവരുതെന്ന് വെള്ളിയാഴ്ചയും ബി.ജെ.പി. നേതാക്കള്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ മോഡിയുടെ സ്ഥാനലബ്ധിയുമായി ബന്ധപ്പെട്ട തീരുമാനത്തില്‍നിന്ന് പിന്തിരിയില്ലെന്നും ബി.ജെ.പി. വ്യക്തമാക്കിയിട്ടുണ്ട്. 

ബി.ജെ.പി.യുമായുള്ള സഖ്യം തുടരുന്നതിന് ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സഖ്യത്തില്‍ തുടരണമെന്ന ബി.ജെ.പി. നേതാക്കളുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥിക്കുകയും മരിക്കാന്‍ വിഷം നല്‍കുകയുമാണ്' എന്നായിരുന്നു നിതീഷിന്റെ മറുപടി. 

വരികള്‍ക്കിടയില്‍ വായിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു ബി.ജെ.പി. വക്താവ് നിര്‍മലാ സീതാരാമന്റെ ഇതിനോടുള്ള പ്രതികരണം. സംസ്ഥാനത്ത് ജനതാദള്‍-യു.-ബി.ജെ.പി. സഖ്യത്തിനാണ് ഭരിക്കാന്‍ ജനങ്ങളുടെ അംഗീകാരം ലഭിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സഖ്യം തുടരുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങളുണ്ടെന്ന് ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും സൂചിപ്പിച്ചു. 17 കൊല്ലത്തെ സഖ്യം ഇങ്ങനെയല്ല അവസാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

സഖ്യം വിടരുതെന്ന് ജനതാദള്‍-യു.വിനോട് പ്രതിപക്ഷ നേതാവ് സുഷമാസ്വരാജും അഭ്യര്‍ഥിച്ചു. 'പ്രതിപക്ഷം ഭിന്നിച്ചപ്പോഴെല്ലാം കോണ്‍ഗ്രസ്സിനായിരുന്നു ഗുണം കിട്ടിയത്. എന്‍.ഡി.എ.യെ ഒരുമിച്ച് നിര്‍ത്താന്‍ ചെയ്യാവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്'-അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

ബി.ജെ.പി. യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കണമെന്ന് അന്ത്യശാസനം നല്‍കിയെന്ന വാര്‍ത്തകള്‍ ജനതാദള്‍-യു. അധ്യക്ഷന്‍ ശരത്‌യാദവ് നിഷേധിച്ചു. മോഡിക്ക് പ്രചാരണത്തിന്റെ ചുമതല നല്‍കിയത് ബി.ജെ.പി.യുടെ ആഭ്യന്തരകാര്യമാണെങ്കിലും അതിനുശേഷമുള്ള പ്രസംഗങ്ങളും പ്രതികരണങ്ങളുമെല്ലാംതന്നെ എന്‍.ഡി.എ.യുടെ ദേശീയ അജന്‍ഡക്ക് വിരുദ്ധമാണെന്ന് ശരത് യാദവ് ചൂണ്ടിക്കാട്ടി. 

സഖ്യം പൊളിക്കുന്നതിനുള്ള നീക്കമായിരുന്നു മോഡിയെ ഉയര്‍ത്തിക്കാട്ടലെന്ന വിലയിരുത്തലാണ് ജനതാദള്‍-യു.വിനുള്ളത്. ജനതാദളിനെ നിര്‍ബന്ധിച്ച് പുറത്തേക്ക് നയിക്കുകയായിരുന്നു ബി.ജെ.പി.യെന്ന് മുതിര്‍ന്ന നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി. 

ബിഹാറിലെ 15 ശതമാനം മുസ്‌ലിംവോട്ടുകള്‍ മോഡി നേതൃത്വംനല്‍കുന്ന സഖ്യത്തില്‍ നിന്നാല്‍ നഷ്ടമാകുമെന്ന് ജനതാദള്‍-യു. വിലയിരുത്തുന്നു. 2005-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മോഡി ബിഹാറില്‍ പ്രചാരണത്തിനെത്തുന്നതിനെ നിതീഷ് വിലക്കിയിരുന്നു. മോഡി ദേശീയപ്രചാരണസമിതി അധ്യക്ഷനാകുമ്പോള്‍ അത്തരത്തിലൊരു വിലക്ക് നടക്കില്ലെന്നതും നിതീഷിന്റെ കടുത്ത നിലപാടിന് പിറകിലുണ്ട്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement