Advertisement

Latest News

പണം മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ വ്യാപകമെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.

By smug - Wednesday, June 12, 2013

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ വ്യാപകമെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ട്രോജന്‍ വൈറസിന് പിന്നില്‍ റഷ്യന്‍ സൈബര്‍ ക്രിമിനല്‍ സംഘമായ റഷ്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കാണെന്നാണ് ആരോപണം.
ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ട്രോജന്‍ വൈറസിനെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. യു.എസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് പേജിലാണ് ട്രോജന്‍ വൈറസിനെ കണ്ടെത്തിയത്. ഈ പേജ് പിന്നീട് ഒഴിവാക്കിയെങ്കിലും മറ്റ് വ്യാജ അക്കൗണ്ടുകളിലും പേജുകളിലുമായി ട്രോജന്‍ വൈറസ് സജീവമാണെന്നാണ് മുന്നറിയിപ്പ്.
ട്രോയ് നഗരത്തെ ആക്രമിക്കുന്നതിന് ഗ്രീക്കുകാര്‍ ഉപയോഗിച്ച വലിയ മരക്കുതിരയുടെ പേരാണ് ട്രോയ്. ഒരു ഫേസ്ബുക്ക് ഉപയോക്താവ് ട്രോജന്‍ വൈറസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇയാളുടെ വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങള്‍ ചോര്‍ത്തും. ഏത് തരത്തിലുള്ള ലോഗിന്‍ വിവരങ്ങളും ചോര്‍ത്താന്‍ ഈ വൈറസിനാകും. കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ ബട്ടണുകള്‍ അമരുന്നത് മനസിലാക്കി പാസ്‌വേഡുകള്‍ ചോര്‍ത്തുകയാണ് ട്രോജന്‍ രീതി. കീ സ്‌ട്രോക്ക് ലോഗിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.
പിന്നീട് എപ്പോഴെങ്കിലും ട്രോജനില്‍ ക്ലിക്ക് ചെയ്തയാള്‍ ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടില്‍ കയറിയാല്‍ മതി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചാല്‍ പിന്നീട് അക്കൗണ്ടിലെ പണം നഷ്ടമാകാനും ഏറെ താമസമുണ്ടാകില്ല.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ട്രോജന്‍ വൈറസിനെ ഇന്റര്‍നെറ്റില്‍ കണ്ടെത്തിയത്. എന്നാല്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ആദ്യമായാണ് ഇത്ര വ്യാപകമായി ട്രോജന്‍ വൈറസിനെ കണ്ടെത്തുന്നത്. അമേരിക്കയില്‍ മാത്രം 36 ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ ട്രോജന്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ട്രോജന്‍ വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളെ സാധാരണ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാവില്ലെന്നതും പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നു.
ബ്ലാക്ക്‌ബെറിയേയും ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവരേയും പിടികൂടുന്ന അഞ്ച് വ്യത്യസ്ഥ ട്രോജന്‍ വൈറസുകളെ തിരിച്ചറിഞ്ഞതായി ആന്റിവൈറസ് കമ്പനിയായ കാസ്പ്രസ്‌കൈ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തിലാണ് ട്രോജന്‍ വൈറസിന്റെ ആക്രമണം ഏറ്റവും രൂക്ഷമായത്. ട്രോജന്റെ ആക്രമണത്തെ തടയാനുള്ള കഠിന പരിശ്രമത്തിലാണ് തങ്ങളെന്ന് ഫേസ്ബുക്ക് വക്താവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement