Advertisement

Latest News

ഭാര്യയെ കൊന്നെന്ന് ബിജു സമ്മതിച്ചതായി പൊലീസ്

By smug - Tuesday, June 18, 2013

01.10
കൊല്ലം: ആദ്യ ഭാര്യയെ കൊന്നതായി ബിജു രാധാകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ ബിജു ഇക്കാര്യം സമ്മതിച്ചതായാണ് അന്വേഷക സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. ചെയ്തത് വലിയ തെറ്റാണെന്നും ബിജു പറഞ്ഞതായി പൊലീസ് പറഞ്ഞു.
01.05
തിരുവനന്തപുരം:എമേര്‍ജിംഗ് കേരളയില്‍ ടീം സോളാറിനെ ഉള്‍പ്പെടുത്താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തട്ടിപ്പ് ആരംഭിച്ചത് എല്‍ഡിഎഫിന്റെ കാലത്താണ്. അന്ന് അവര്‍ക്കെതിരേ നടപടി ഉണ്ടായില്ല. കേസ് രജിസ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാരാണ്. പേഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോപണം വിശദമായി അന്വേഷിക്കും. ഗണ്‍മാന്‍ സലീം രാജനെ സ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന് ആരും പറഞ്ഞിട്ടില്ല. ക്ലിഫ് ഹൌസില്‍ സോളാര്‍ പാനല്‍ വച്ചത് അനര്‍ട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

01.00
തിരുവനന്തപുരം: ബിജു രാധാകൃഷ്ണനുമായി കൊച്ചിയില്‍ സംസാരിച്ച കാര്യം എന്തെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയിലെ ഗസ്റ് ഹൌസില്‍വച്ചു അയാളെ കണ്ടത് സത്യമാണ്. എംഐ ഷാനവാസിന്റെ ആവശ്യപ്രകാരമാണ് കണ്ടത്. ചിലര്‍ പറയുന്നതു പോലെ കൂടിക്കാഴ്ച ഒരു മണിക്കൂറൊന്നും നീണ്ടുനിന്നില്ല. സംസാരിച്ചത് ബിസിനസ് കാര്യങ്ങളല്ല കുടുംബപരമായ ചില കാര്യങ്ങളാണ്.
എന്നാല്‍, അത് എന്താണെന്ന് പുറത്തു പറയാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമായ കാര്യം പരസ്യമാക്കില്ല. നേരില്‍ കാണാന്‍ വരുന്ന ഒരാളോട് കേസില്‍ പ്രതിയല്ലെന്ന സര്‍ട്ടിഫിക്കറ്റ് കെണ്ടുവരാന്‍ പറയാന്‍ കഴിയില്ല. കൊലക്കേസ് പ്രതിയാണെന്ന് അറിയാതെയാണ് ബിജുവിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. ഇത് തന്റെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു.
12.55
തിരുവനന്തപുരം: പഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ സരിതാ എസ്. നായരെ വിളിച്ചതിന് താന്‍ എന്തിനു രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിതയുടെ കമ്പനിക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കിയിട്ടില്ല. ഇല്ലാത്ത ആരോപണങ്ങളുടെ പേരിലാണ് പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത്. താന്‍ നല്‍കിയെന്ന് പറയപ്പെടുന്ന ശുപാര്‍ശക്കത്ത് വ്യാജമാണ്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സരിതയെ കണ്ടെന്ന ആരോപണവും പൊളിഞ്ഞു.
11.47
തിരുവനന്തപുരം: ഇടതു യുവജന പ്രക്ഷോഭകര്‍ക്കെതിരെ പ്രയോഗിച്ച ഗ്രനേഡുകള്‍ വാങ്ങിയത് കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്താണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ ഇക്കാര്യം പറഞ്ഞത്.
വീര്യം കൂടിയ ഗ്രനേഡുകളാണ് പ്രക്ഷോഭകര്‍ക്ക് എതിരെ പൊലീസ് പ്രയോഗിച്ചതെന്ന് ഇന്നലെ കൊടിയേരി അടക്കമുള്ള ഇടതു നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ ഗ്രനേഡുകള്‍ കഴിഞ്ഞ സര്‍ക്കാര്‍ പലയിടത്തും പ്രയോഗിച്ചതാണെന്നും ഈ സര്‍ക്കാര്‍ എവിടെ നിന്നും കൊണ്ടു വന്നതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
11.31
തിരുവനന്തപുരം: ബിജു രാധാകൃഷ്ണനും സരിത കെ നായരും ഉള്‍പ്പെട്ട കേസില്‍ വീഴ്ച വരുത്തിയത് ഇടതു സര്‍ക്കാറെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ടു പോവുന്ന പ്രതിപക്ഷത്തിനെതിരെ തിരുവഞ്ചൂര്‍ ആരോപണം ഉന്നയിച്ചത്.
ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന സമയത്താണ് നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. അന്ന് ഇവര്‍ക്കെതിരെ ഒരു തുടര്‍ നടപടിയും എടുത്തിട്ടില്ല. പ്രതികള്‍ക്കെതിരെ നടപടി എടുത്തത് യു.ഡി.എഫ് സര്‍ക്കാറാണ്. ഇക്കാര്യം പുറത്തു വരുമെന്ന ആശങ്കയിലാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
10.45
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസില്‍ ഇന്നലെ തമിഴ് നാട്ടില്‍ പിടിയിലായ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ഉച്ചക്കു ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. ആദ്യ ഭാര്യയെ കൊന്ന കേസിലാണ് ഇത്. പിടിയിലായ പ്രതിയെ ഇപ്പോള്‍ സോളാര്‍ കേസ് അന്വേഷണ സംഘത്തലവന്‍ അഡീഷനല്‍ ഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കൊല്ലത്ത് ചോദ്യം ചെയ്യുകയാണ്.

10.37
തിരുവനന്തപുരം: ശൂന്യവേള റദ്ദാക്കി സഭ അതിവേഗം നിര്‍ത്തി വെച്ച സംഭവം വിവാദമാവുന്നു. പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തു വന്നു. ഇത് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്ന് കാണിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
ഇന്നലെ നടന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നും ആവര്‍ത്തിക്കുമെന്ന് ഉറപ്പായിരുന്നു. യുവജന പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടി ഉയര്‍ത്തിക്കാട്ടുന്നതിന് ഒരുങ്ങിയാണ് പ്രതിപക്ഷം എത്തിയത്. ഇതൊഴിവാക്കുന്നതിന് കച്ചകെട്ടി ഭരണപക്ഷവും. ശൂന്യ വേള റദ്ദാക്കി അഞ്ചു മിനിറ്റിനകം സഭ പിരിയുകയായിരുന്നു. സ്പീക്കര്‍ പ്രത്യേക പദവി ഉപയോഗിച്ച് ഭരണകക്ഷിയുടെ താല്‍പ്പര്യം സംരക്ഷിക്കുകയായിരുന്നെന്നാണ് പ്രതിപക്ഷ ആരോപണം.
സ്പീക്കറുടെ നടപടി അസാധാരണങ്ങളില്‍ അസാധാരണമാണെന്ന് ുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ കീഴ്വഴക്കങ്ങളുടെയും ലംഘനമാണിത്. പാര്‍ലമെന്ററി സമ്പ്രദായങ്ങളോടും കീഴ്വഴക്കങ്ങളോടുമുള്ള വെല്ലുവിളിയാണിത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ പുനര്‍ ചിന്ത നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സ്പീക്കറുടെ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്‍ സര്‍ക്കാറുകളുടെ കാലത്തും ഇതേ നടപടി ഉണ്ടായിട്ടുണ്ട്. എം വിജയകുമാര്‍ സ്പീക്കറായ കാലയളവിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

10.16
തിരുവനന്തപുരം: ശൂന്യവേള റദ്ദാക്കി സഭ അതിവേഗം നിര്‍ത്തി വെച്ചതിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കി. മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം അനുവദിക്കാതെ സഭ പിരിച്ചു വിട്ടത് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്ന് കാണിച്ചാണ് പരാതി. പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ അടക്കമുള്ള പ്രതിനിധി സംഘമാണ് പരാതി നല്‍കിയത്.

09.43 
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കുട പിടിക്കുകയാണ് നിയമസഭാ സ്പീക്കറെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നിയമസഭ പിരിഞ്ഞതിനുശേഷമ സഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ കുത്തിയിരിപ്പു ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സഭ നിര്‍ത്തി വെച്ചതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

09.20
തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ നിയമസഭ അഞ്ചാം മിനിറ്റില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കു പുറത്തു ധര്‍ണ്ണ നടത്തി പ്രതിഷേധം നടത്തുന്നു. മുഖ്യമന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ടാണ് ധര്‍ണ്ണ.
തിരുവനന്തപുരം: സോളാര്‍ വിവാദം കത്തിപ്പടരുന്നതിനിടെ നിയമസഭ, ചേര്‍ന്ന് അഞ്ച് മിനിറ്റിനകം പിരിഞ്ഞു. ചോദ്യോത്തരവേളയ്ക്കു പുറമേ ശൂന്യവേളയും റദ്ദാക്കിയാണ് അഞ്ചു മിനിറ്റിനകം സഭ പിരിഞ്ഞത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് ഇന്നും പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം എണീറ്റു. സ്പീക്കര്‍ നടപടികളിലേക്കു പോവുന്നതിനിടെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കര്‍ ചോദ്യോത്തര വേളയും ശൂന്യവേളയും നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ചര്‍ച്ച കൂടാതെ ധനാഭ്യര്‍ത്ഥന പാസ്സാക്കിയ ശേഷം സഭ പിരിഞ്ഞു. യുവജന പ്രതിഷേധത്തിനുനേരെ ഇന്നലെ നടന്ന പൊലീസ് ഇടപെടലിനെക്കുറിച്ച് അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ നിയമസഭ രണ്ട് തവണ തടസ്സപ്പെട്ടിരുന്നു. എന്നാല്‍, ശൂന്യവേളയില്‍ മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു. രണ്ടാമതും ചേര്‍ന്ന ശേഷം സഭ പിരിയുകയും ചെയ്തിരുന്നു. ഇതിന്‍റെ തനിയാവര്‍ത്തനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചത്. അതിനിടെയാണ്, ചേര്‍ന്ന ഉടന്‍ തന്നെ സഭ പിരിഞ്ഞത്.
സഭയില്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന എല്‍ഡി.എഫ് യോഗം ഇക്കാര്യത്തില്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഇന്നലെ ഉച്ചക്കു ശേഷം ചേര്‍ന്ന യു.ഡി.എഫ് യോഗം ഇതു പൊളിക്കാനുള്ള തന്ത്രങ്ങളും ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചകളില്ലാതെ സഭ പിരിഞ്ഞത്.
എന്നാല്‍, സഭയ്ക്കു പുറത്ത് ഇന്നും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement