Advertisement

Latest News

39 അശ്ളീല സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

By smug - Wednesday, June 26, 2013

രാജ്യത്ത് 39 അശ്ളീല സൈറ്റുകള്‍‌ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ടെലക്കോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എന്നാല്‍ എന്ത് കാരണത്താലാണ് ഈ 39 സൈറ്റുകളെ മാത്രം ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞതെന്ന് വ്യക്തമല്ല. നിര്‍ദ്ദേശം നല്‍കിയ സൈറ്റുകള്‍ എത്രയും പെട്ടന്ന് ബ്ലോക്ക് ചെയ്യുക  എന്ന് മാത്രമാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
ലിസ്റ്റ് പ്രകാരം പറഞ്ഞ സൈറ്റുകളില്‍ അധികവും വെബ് ഫോറങ്ങളാണ്. ഇവിടെ ചിത്രങ്ങളും വെബ് ലിങ്കുകളും പങ്കുവെയ്കാന്‍ സൈറ്റുകള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് ഇന്‍റെര്‍നെറ്റ് സെന്‍സര്‍ഷിപ്പിന്‍റെ ഭാഗമാണെന്ന വിമര്‍ശനം ഇപ്പോള്‍തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യയില്‍ മുതിര്‍ന്നവരുടെ പോണോഗ്രാഫിക്ക് ഐടി ആക്റ്റ് പ്രകാരം ക്രിമിനല്‍ കുറ്റമല്ലെന്നിരിക്കെ  സര്‍ക്കാറിന്‍റെ നീക്കം ദുരൂഹമാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ കുട്ടികളുമായി ബന്ധപ്പെട്ട നീലചിത്ര നിര്‍മ്മാണവും പ്രചരണവും നിയമം മൂലം വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വിലക്കിയിരിക്കുന്ന വെബ്സൈറ്റുകള്‍ ഇന്ത്യയ്ക്ക് പുറത്ത് ഹോസ്റ്റ് ചെയ്യപ്പെട്ടവയാണ്. നിരോധിക്കപ്പെട്ട സൈറ്റുകളിലേക്ക് ആരെങ്കിലും കടക്കാന്‍ ശ്രമിച്ചാല്‍ കോടതി ഉത്തരവ് പ്രകാരം ഈ സൈറ്റ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നാണ് കാണാനാകുക.
എന്നാല്‍ ഈ നീക്കം സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ടെലക്കോം മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മദ്ധ്യപ്രദേശില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ ഇത്തരത്തിലുള്ള സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയിരുന്നു.  പോണോഗ്രാഫിയുമായി ബന്ധപ്പെട്ട് പ്രത്യേക ഭാഗം തന്നെ ഐടി നിയമത്തില്‍ ഉണ്ടാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിയമം മൂലം ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും വെബ്സൈറ്റുകളിലൂടെ പ്രചരിക്കുന്നത് തടയണമെന്നും ഈ പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement