മോഡിയുടെ ഹിമാലയന്‍ ബഡായി
By smug - Wednesday, June 26, 2013
ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഉത്തരാഖണ്ഡിലേയും ഹിമാചല്‍പ്രദേശിലേയും ജനങ്ങള്‍ പ്രളയത്തില്‍ പെട്ടിരിക്കുന്നുവെന്ന ദുരന്തവാര്‍ത്ത ജൂണ്‍ 21ന് വൈകുന്നേരമാണ് രാജ്യം അറിഞ്ഞത്. വെളളിയാഴ്ച്ച പുറം ലോകമറിഞ്ഞ ഈ ദുരന്തസ്ഥലത്തേക്ക് നരേന്ദ്രമോഡിയും സംഘവും എത്തുകയും ഞായറാഴ്ച്ച ആവുന്നതിന് മുമ്പേ 15000 ഗുജറാത്തികളെ ദുരന്തസ്ഥലത്തുനിന്നും രക്ഷപ്പെടുത്തുകയും ചെയ്തു- എന്നായിരുന്നു മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത. സര്‍വ്വസന്നാഹങ്ങളുമായെത്തിയ ഇന്ത്യന്‍ സൈന്യം പത്ത് ദിവസത്തിനുള്ളില്‍ 40000 പേരെയാണ് രക്ഷപ്പെടുത്തിയത് എന്നും ഓര്‍ക്കുക.
80 ഇന്നോവ കാറുകളില്‍ മോഡിയും സംഘവും ദുരന്ത സ്ഥലങ്ങളില്‍ നിന്നും ഗുജറാത്തികളെ രക്ഷപ്പെടുത്തിയതെന്നാണ് പറയുന്നത്. വീടും നാടും റോഡുമെല്ലാം കുത്തിയൊലിച്ചുപോയ കേദാര്‍നാഥ് പോലുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ദുരിത പ്രദേശങ്ങളില്‍ നിന്നായിരുന്നു ഇന്നോവയില്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം.
ഡ്രൈവര്‍ അടക്കം ഏഴ് പേര്‍ക്ക് കയറാവുന്ന വിധത്തിലാണ് ഇന്നോവയുടെ രൂപകല്‍പ്പന. ഒരു കാറില്‍ ഒമ്പത് പേര്‍ കയറിയെന്ന് കരുതിയാല്‍ തന്നെ 80 ഇന്നോവകളില്‍ പരമാവധി 720 പേരെയാണ് രക്ഷപ്പെടുത്താനാവുക. അങ്ങനെയെങ്കില്‍തന്നെ 15000 പേരെ രക്ഷപ്പെടുത്താന്‍ 21 തവണ ഇന്നോവ സംഘം ട്രിപ്പ് അടിക്കേണ്ടിവരും!
ഡറാഡൂണില്‍ നിന്നും കേദാര്‍ നാഥിലേക്കുള്ള ദൂരം 221 കിലോമീറ്ററാണ്. 21 തവണയായി ഈ ദൂരം മറികടന്നാല്‍ മോഡി സംഘം 9300 കിലോമീറ്റര്‍ മറികടന്നിരിക്കണം, അതും രണ്ടു ദിവസങ്ങള്‍ കൊണ്ട്. സാധാരണ റോഡല്ല ഹിമാലയത്തിലെ അതീവ ദുര്‍ഘടമായ പാതയിലെ മറ്റ് പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ മറികടന്നുള്ള യാത്രയാണിത്. 40 കിലോമീറ്റര്‍ വേഗത്തില്‍ നിര്‍ത്താതെ ഇന്നോവ ഓടിച്ചെന്ന് കരുതിയാല്‍ തന്നെ 233 മണിക്കൂര്‍ വേണ്ടിവരും ഇത്രയുംപേരെ രക്ഷിക്കാന്‍. ഏകദേശം പത്ത് ദിവസത്തോളം. പക്ഷേ മോഡി സംഘത്തിന് ഒന്നര ദിവസംകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്താനായത്രേ !
മോഡി സംഘം 15000 ഗുജറാത്തികളെ രക്ഷപ്പെടുത്തിയെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രചാരണ ചുമതലയുള്ള പി.ആര്‍. കമ്പനി ആപ്‌കോ വേള്‍ഡ് വൈഡാണ്. അമേരിക്കന്‍ പബ്ലിക്ക് റിലേഷന്‍ കമ്പനിയായ ആപ്‌കോ പ്രതിമാസം 25000 ഡോളറാണ്(ഏകദേശം 1.5 ലക്ഷം രൂപ) മോഡിയുടെ പ്രതിഛായാ രൂപീകരണത്തിനായി ഈടാക്കുന്നത്. മോഡി സര്‍ക്കാരിനുവേണ്ടി 2007ല്‍ വൈബ്രന്റ് ഗുജറാത്ത് എന്ന സര്‍ക്കാര്‍ പ്രചാരണ പരിപാടിയുടെ ചുക്കാന്‍ പിടിച്ചതും ആപ്‌കോയാണ്.
ആഗോളതലത്തില്‍ പ്രശസ്തരായ നിരവധി പേര്‍ക്കുവേണ്ടി ആപ്‌കോ പ്രചാരണം ഏറ്റെടുത്ത് നടത്തുന്നുണ്ട്. കസാഖിസ്ഥാന്‍ ഏകാധിപതി നൂറുസുല്‍ത്താന്‍ നസര്‍ബയേവ്, നൈജീരിയയിലെ നാസി അബാച്ച, അമേരിക്കന്‍ പുകയില ലോബി, മലേഷ്യയിലേയും ഇസ്രായേലിലേയും സര്‍ക്കാരുകള്‍ എന്നിവരുടെ പ്രചരണവും മുഖം മിനുക്കലും ആപ്‌കോ നടത്തിക്കൊടുക്കുന്നു.
ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോഡിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിപ്പിക്കുന്നതിന് പിന്നിലും ആപ്‌കോയായിരുന്നു. എങ്കിലും ഇതുവരെ മോഡിക്ക് യു.എസ് വിസ സംഘടിപ്പിക്കുന്നതില്‍ ആപ്‌കോ വിജയിച്ചിട്ടില്ല. എന്നാല്‍ മോഡിക്ക് വേണ്ടിയുള്ള നുണപ്രചാരണങ്ങളില്‍ എല്ലാത്തിലും ആപ്‌കോക്ക് പങ്കില്ല. ആപ്‌കോ വരുന്നതിന് മുമ്പ് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടന്നിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപം ഗുജറാത്ത് സര്‍ക്കാരിന് കീഴിലുള്ള ജി.എസ്.പി.സി കണ്ടെത്തിയെന്ന് 2005ല്‍ പ്രഖ്യാപിച്ചിരുന്നു. 5000 കോടി ഡോളറിന്റേതാണ്(ഏകദേശം 30,000 കോടിരൂപ) ഈ നിക്ഷേപമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഈ നിക്ഷേപവിവരം പ്രഖ്യാപനത്തിലൊതുങ്ങി. ഈ സമ്പത്ത് ഗുജറത്താത്തിലുള്ളപ്പോള്‍ ജി.എസ്.പി.സി പിന്നീട് ഇന്ധനം തേടി ഖനനം നടത്തിയത് ഈജിപ്തിലും യെമനിലും ആസ്‌ട്രേലിയയിലുമെല്ലാമായിരുന്നു.
മോഡിക്കുവേണ്ടിയുള്ള പല(നുണ)പ്രചാരണങ്ങളും നേരത്തെ വിജയിച്ചിട്ടുണ്ടാകാം, എന്നാല്‍ ഉത്തരാഖണ്ഡ് ദുരന്തത്തിനിടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലിയുള്ളപ്രചാരണം ഹിമാലയന്‍ നുണയാണ്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS