മുംബൈ പെണ്‍കുട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചവനെ തല്ലിയോടിച്ചു
By smug - Sunday, June 16, 2013
ട്രയിന്‍യാത്രക്കിടെ ഷൊര്‍ണ്ണൂറില്‍ വെച്ച് സൗമ്യ എന്ന പെണ്‍കുട്ടി ദാരുണമായി പീഡിപ്പിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും മലയാളികള്‍ മറന്നിട്ടില്ല. സമാനമായ സംഭവം മുംബൈയിലും നടന്നു. തന്നെ പീഡിപ്പിക്കാനെത്തിയവനെ തല്ലി ഓടിച്ചാണ് മുംബൈ പെണ്‍കുട്ടി വ്യത്യസ്ഥയായത്.
തെക്കന്‍ മുംബൈയിലെ ഒരു ഷിപ്പിംഗ് സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ട്രയിനില്‍ വരികയായിരുന്നു പൂര്‍വ ബോഗ്‌ല(24) എന്ന പെണ്‍കുട്ടി. ദാദര്‍ റെയില്‍വേ സ്റ്റേഷനിലാണ് പൂര്‍വക്ക് ഇറങ്ങേണ്ടിയിരുന്നത്. ദാദര്‍ എത്തുമ്പോഴേക്കും വനിതാ കമ്പാര്‍ട്ട് മെന്റില്‍ പൂര്‍വ മാത്രമാണ് ഉണ്ടായിരുന്നത്. ദാദര്‍ റെയില്‍ വേ സ്റ്റേഷനില്‍ ട്രയിന്‍ നിര്‍ത്തിയപ്പോള്‍ പൂര്‍വ ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് 17കാരനായ യുവാവ് വനിതാ കമ്പാര്‍ട്ട്‌മെന്റിനേക്ക് കയറാന്‍ ഓടിയെത്തിയത്.
സ്റ്റേഷനില്‍ ഇറങ്ങാന്‍ നോക്കുകയായിരുന്ന പൂര്‍വയെ ഇയാള്‍ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ അക്രമണത്തിന്റെ ഞെട്ടലിനൊടുവില്‍ പൂര്‍വ നോക്കുമ്പോള്‍ ഇയാള്‍ കമ്പാര്‍ട്ട് മെന്റിലെ മറുഭാഗത്തെ വാതിലിലേക്ക് ഓടുന്നതാണ് കണ്ടത്. ദാദറില്‍ നിന്നും വനിതാ കമ്പാര്‍ട്ട് മെന്റില്‍ കയറിയ മറ്റ് സ്ത്രീകളോട് ഇയാളെ തടഞ്ഞു നിര്‍ത്താന്‍ പൂര്‍വ നിലവിളിച്ച് പറഞ്ഞെങ്കിലും ആര്‍ക്കും പെട്ടെന്ന് ഒന്നും മനസിലായില്ല.
എങ്കിലും സ്ത്രീകള്‍ ഇയാളെ കമ്പാര്‍ട്ട്‌മെന്റില്‍ തടഞ്ഞു നിര്‍ത്തി. ഇത് കണ്ട പൂര്‍വ ഇതേ ട്രയിനില്‍ വീണ്ടും കയറുകയായിരുന്നു. ദാദറിന് ശേഷം യാത്രചെയ്യാന്‍ തന്റെ കയ്യില്‍ ടിക്കറ്റില്ലെന്ന കാര്യമൊക്കെ അന്നേരം ഓര്‍ത്തില്ലെന്നാണ് പൂര്‍വ പിന്നീട് പറഞ്ഞത്.
എന്നാല്‍ കമ്പാര്‍ട്ട്‌മെന്റിലെ പല സ്ത്രീകളും യുവാവിനെ വെറുതെ വിടാന്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കയ്യേറ്റത്തിന് മുതിര്‍ന്നവന്‍ നാളെ പീഡിപ്പിക്കിക്കാന്‍ മടിക്കില്ലെന്നും നിങ്ങളോ നിങ്ങളുടെ മക്കളോ ആയിരിക്കാം അന്ന് ഇരയെന്നുമായിരുന്നു അവരോടുള്ള പൂര്‍വയുടെ പ്രതികരണം. തന്നെ കയ്യേറ്റം ചെയ്ത യുവാവിനെ തലങ്ങും വിലങ്ങും തല്ലിയ പൂര്‍വ, അവനെ റെയില്‍വേ പോലീസിനെ കൈമാറിയ ശേഷമാണ് അക്രമിയുടെ കോളറിന്മേലുള്ള പിടുത്തം വിട്ടത്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍വ തന്നെ സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടില്‍ തന്റെ അനുഭവം വിവരിച്ചതോടെയാണ് പുറം ലോകം വിവരമറിഞ്ഞത്. മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍വയുടെ പോസ്റ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 2914 പേര്‍ ഷെയര്‍ ചെയ്തു. എന്നാല്‍ ഇപ്പോള്‍ പൂര്‍വയുടെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ഭാവിയില്‍ ഇയാള്‍ തന്നെ വീണ്ടും അക്രമിച്ചേക്കുമെന്ന് പേടിയുണ്ടെങ്കിലും തന്റെ അനുഭവം പുറം ലോകം അറിയണമെന്നും പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിക്കണമെന്നുമാണ് പൂര്‍വ ബോഗ്‌ലെ പറയുന്നത്. തന്റെ കൈ വേദനിച്ചിട്ടും അവനെ തല്ലിയെന്നാണ് പൂര്‍വ ബോഗ്‌ലെ പറഞ്ഞത്. ഇത്തരക്കാര്‍ക്ക് തല്ല് തന്നെയാണ് ഏറ്റവും നല്ല മരുന്നെന്നും ഈ മുംബൈക്കാരി വിശ്വസിക്കുന്നു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


