അശ്ലീല പേജുകളും ഗ്രൂപ്പുകളും നിയന്ത്രിക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു
By smug - Saturday, June 29, 2013
അശ്ലീല ഉള്ളടക്കമുള്ള പേജുകളെയും ഗ്രൂപ്പുകളെയും നിയന്ത്രിക്കാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയായി അശ്ലീലച്ചുവയുള്ളതും അക്രമം പ്രോല്‍സാഹിപ്പിക്കുന്നതുമായ പേജുകളെ കണ്ടെത്തി ഫെയ്‌സ് ബുക്ക് ഇവയില്‍ നിന്നും പരസ്യം നീക്കം ചെയ്യും. തിങ്കളാഴ്ച മുതലാണ് ഇവ നടപ്പില്‍ വരുക.
ഫെയ്‌സ്ബുക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുളള സംഭാഷണം, ലൈംഗികത, അക്രമം പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ഉള്ളടക്കങ്ങള്‍ അടങ്ങിയിയ പേജുകളെയാണ് ഫെയ്‌സ്ബുക്ക് നിയന്ത്രിക്കാനൊരുങ്ങുന്നത്. ഫെയ്ബുക്കിന് പരസ്യം നല്‍കുന്ന നിസാന്‍, വേള്‍ഡ് വൈഡ്, ബി സ്‌കൈ ബി എന്നീ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഫെയ്‌സ് ബുക്ക് ഇങ്ങനെയൊരു തീരുമാനത്തിനൊരുങ്ങുന്നത്.
കമ്പനികളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന വെബ് പേജുകളുടെ ഉള്ളടക്കത്തെക്കുറിച്ച് രൂപപ്പെട്ട ആശങ്കയാണ് ഇതിന് ഒരു കാരണം. സ്ത്രീകള്‍ക്കെതിരായ അക്രമം ഫെയ്‌സ്ബുക്ക് പ്രോല്‍സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും കമ്പനിയുടെ ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്.
അശ്ലീല ചുവയുള്ള ഉളളടക്കമുള്ള പേജുകളില്‍ ഇനി മുതല്‍ ഫീച്ചേര്‍ഡ് പരസ്യങ്ങള്‍ നല്‍കില്ല. ഇതിന്റെ ഭാഗമായി വലതു വശത്തുള്ള പരസ്യങ്ങളാണ് ആദ്യം നീക്കം ചെയ്യുക. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഫെയ്‌സ് ബുക്ക് അറിയിച്ചു.
ഇനി മുതല്‍ കമ്പനി പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് മാനദണ്ഡങ്ങള്‍ പാലിക്കുന്ന പേജുകളിലും, ഗ്രൂപ്പുകളിലും മാത്രമാണ് ഉണ്ടാകുക. ഫെയ്‌സ് ബുക്കിന്റെ പകുതിയിലധികം വരുമാനവും പരസ്യങ്ങള്‍ വഴിയാണ് ലഭിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു നീക്കും ഒരിക്കലും ഫെയ്‌സ്ബുക്കിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും. ജനങ്ങള്‍ക്കും, പരസ്യകമ്പനികള്‍ക്കും ഈ തീരുമാനം ഗുണം ചെയ്യുമെന്നും ഫെയ്‌സ് ബുക്ക് അധികൃകര്‍ അറിയിച്ചു.
Follow our blog on Twitter, become a fan on Facebook. Stay updated via RSS