Advertisement

Latest News

സരിത വീട്ടില്‍ വന്നു കരഞ്ഞു: പി.സി ജോര്‍ജ്‌

By smug - Tuesday, June 18, 2013

തിരുവനന്തപുരം: തന്നെ വീഴ്ത്താനായി ഗണേഷ് കുമാര്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ ഉപയോഗിച്ചെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ആരോപണം. അവിഹിതമായി തന്നെ സ്വാധീനിക്കാന്‍ സോളാര്‍ തട്ടിപ്പ്‌ നായിക സരിതാ നായര്‍ ശ്രമിച്ചിരുന്നു‌. സരിതയെ അയച്ചത്‌ ഗണേഷാണെന്ന്‌ ഉറപ്പാണെന്നും ജോര്‍ജ്‌ യു.ഡി.എഫ്‌ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.എം.മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി. ജോസഫ്‌, രമേശ്‌ ചെന്നിത്തല, പി.പി. തങ്കച്ചന്‍, കെ.പി. മോഹനന്‍, അനൂപ്‌ ജേക്കബ്‌ എന്നീ നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ജോര്‍ജ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
സരിത, ലക്ഷ്‌മിയെന്ന വ്യത്യസ്ത പേരുകളിലാണ്‌ തന്നെ വിളിച്ചത്. കാണണമെന്ന്‌ പറഞ്ഞായിരുന്നു വിളിച്ചിരുന്നത്. കോട്ടയത്ത്‌ കാണാമെന്നായി താന്‍. ഒടുവില്‍ കുമരകത്ത്‌ കാറ്ററിംഗ്‌ ജീവനക്കാരുടെ യോഗത്തിനെത്തിയപ്പോള്‍ ലക്ഷ്‌മിയും രണ്ട്‌ പുരുഷന്‍മാരും അവിടെയെത്തി. താന്‍ പറയാതെതന്നെ അവരെത്തിയതില്‍ അസ്വാഭാവികത തോന്നിയിരുന്നു. മണ്ഡലത്തില്‍ സര്‍ക്കാര്‍ വക സോളാര്‍ പാനലുകള്‍ സ്‌ഥാപിക്കാനാണ്‌ പദ്ധതി. സ്വന്തം മണ്ഡലത്തിന്‌ പദ്ധതി നഷ്‌ടമാകരുതല്ലോ. ഇക്കാര്യത്തിനുവേണ്ടി പലതവണ അങ്ങോട്ടും വിളിച്ചു. കിട്ടിയില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് വിളിച്ചത്. അന്ന് വീട്ടില്‍വന്ന്‌ കാണണമെന്ന് പറഞ്ഞു. ഒരു വനിതാ അഭിഭാഷകയോടൊപ്പമാണ് സരിത ഔദ്യോഗിക വസതിയിലെത്തിയത്. അഭിഭാഷകയെ പുറത്തിരുത്തി സംസാരിക്കാമെന്നായി ലക്ഷ്‌മിയെന്ന സരിത. അന്ന് സംസാരിച്ചതൊന്നും സോളാറിനെ കുറിച്ചല്ല, എല്ലാം അവരുടെ കുടുംബകാര്യങ്ങളായിരുന്നു. കുടുംബം പ്രശ്‌നത്തിലാണെന്നും ഭര്‍ത്താവുമായി പിണങ്ങിയെന്നുമൊക്കെയാരുന്നു പറഞ്ഞത്.
പ്രശ്നം പരിഹാരമുണ്ടാക്കിത്തരണമെന്ന്‌ പറഞ്ഞ്‌ സരിത കരഞ്ഞു. എഴുന്നേറ്റ്‌ വന്ന് അടുത്തിരുന്ന് കരഞ്ഞപ്പോള്‍ പന്തികേട്‌ തോന്നിയെന്നും പി സി ജോര്‍ജ് പറഞ്ഞു. അന്നുവന്ന വനിതാ അഭിഭാഷകയുടെ നമ്പര്‍ വാങ്ങി. കുറച്ച് കഴിഞ്ഞ്‌ അവരെ വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്.
ഗണേഷിന്റെ ഏറ്റവും അടുത്ത ആളാണ് സരിതയെന്നും സാറിനെ കെണിയില്‍ വീഴ്‌ത്താന്‍ വന്നതാണെന്നും അവര്‍ പറഞ്ഞു‌. പിന്നീട് സരിതയുടെ ഡ്രൈവറുടെ നമ്പര്‍ വാങ്ങി വിളിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. ഗണേഷുമായി ദിവസം മൂന്നുംനാലും മണിക്കൂര്‍ സരിത ചെലവഴിക്കാറുണ്ടെന്നും അറിയാനായി. ഇങ്ങനെ തന്നെ ചതിയില്‍പ്പെടുത്താന്‍ ശ്രമിച്ചവരെ എന്തുചെയ്യണമെന്ന് പിസ് ജോര്‍ജ് ചര്‍ച്ചക്കെത്തിയവരോട് ചോദിച്ചു‌.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement