ഫേസ് ബുക്കിലൂടെ തുറന്നടിച്ച് വിടി ബല്‍റാം :ഹിന്ദുത്വവാദികളുടെയും ഇസ്ലാമിസ്റ്റുകളുടെയും വോട്ട് എനിക്ക് വേണ്ട:
By smug - Wednesday, June 12, 2013
ഹിന്ദു എംഎല്‍എ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി വി.ടി.ബല്‍റാം എംഎല്‍ എ ഫെയ്സ്ബുക്കില്‍ നീണ്ട കുറിച്ച് പോസ്റ്റ് ചെയ്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
“ഹിന്ദു എം എല്‍ എ”എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നതിനുശേഷം സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഹിന്ദുത്വവാദികളുടെ അതിരൂക്ഷമായ അസഭ്യവര്‍ഷങ്ങള്‍ സൈബര്‍ ലോകത്ത് നടക്കുകയാണ്. ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ കാവലാളുകളായി നടിക്കുന്നവരുടെ യഥാര്‍ത്ഥ സംസ്ക്കാരം എന്തെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഭാഷാപ്രയോഗങ്ങളാണ് അവയില്‍ ബഹുഭൂരിപക്ഷവും. പേരിനോടൊപ്പം സവര്‍ണ്ണ ജാതിപ്പേരുകള്‍ കൂടി ചേര്‍ക്കുന്നവരാണ് ഇത്തരം കമന്റുകളിടുന്നവരില്‍ വലിയൊരു ശതമാനമെന്നതും ശ്രദ്ധേയമാണ്. സൈബര്‍ ലോകത്ത് വിഹരിക്കുന്നവരില്‍ ഭൂരിഭാഗവും മദ്ധ്യവര്‍ഗ്ഗത്തില്‍ നിന്നുള്ളവരാണ് എന്നതുകൊണ്ട് നമ്മുടെ നാട്ടിലെ അരാഷ്ട്രീയവര്‍ക്കരിക്കപ്പെട്ട മദ്ധ്യവര്‍ഗം അതിവേഗം ഹൈന്ദവതയുടെ പേരിലുള്ള സവര്‍ണ്ണതയെ വാരിപ്പുണരുകയാണെന്നുകൂടി ഇത്തരം പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.
ഞാന്‍ വിമര്‍ശിച്ചത് “ഹിന്ദു എം എല്‍ എ” എന്ന രാഷ്ട്രീയ ശരികേടിനെയാണ്. മുസ്ലിം മന്ത്രി, കൃസ്ത്യന്‍ മുഖ്യമന്ത്രി, ഈഴവ പ്രതിപക്ഷ നേതാവ്, സിഖ് പ്രധാനമന്ത്രി എന്നിങ്ങനെ മതാന്ധത ബാധിച്ചവര്‍ സൃഷ്ടിക്കുന്ന വര്‍ഗീയ പദാവലികളോടും എന്റെ അഭിപ്രായം ഇതുതന്നെ. ഒരു മതേതര രാഷ്ട്രത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രതിനിധാനം ചെയ്യുന്നത് അവരവരുടെ വ്യക്തിപരമായ മതവിശ്വാസങ്ങളെയല്ല എന്ന രാഷ്ട്രശില്‍പ്പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ നമുക്ക് സ്വീകാര്യമായിട്ടുള്ളത്.
അതുകൊണ്ടുതന്നെ എന്റെ വ്യക്തിപരമായ മതവിശ്വാസവും (വിശ്വാസമില്ലായ്മയും) എം എല്‍ എ എന്ന നിലയിലെ കര്‍ത്തവ്യനിര്‍വ്വഹണവും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യസ്ത ജാതിയിലും മതത്തിലും രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പെട്ടവരും ഒന്നിലും ഉള്‍പ്പെടാത്തവരുമൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു വ്യക്തി തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍പ്പിന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആളായി മാറുന്നതാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസവഞ്ചന. രാഷ്ട്രീയപാര്‍ട്ടിയുടെ ലേബലില്‍ അതിന്റെ ചിഹ്നത്തില്‍ വോട്ട് തേടി വിജയിക്കുന്നതുകൊണ്ട് ജനപ്രതിനിധിയെ വേണമെങ്കില്‍ ആ പാര്‍ട്ടിക്കാരനായി കാണാം. ആ അര്‍ത്ഥത്തില്‍ എന്നെ “കോണ്‍ഗ്രസ് എം എല്‍ എ” എന്ന് വിളിക്കുന്നതില്‍ സന്തോഷിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍പ്പോലും മറ്റുള്ള പാര്‍ട്ടിക്കാരോടും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവരോടും അവഗണന കാണിക്കുകയോ അവര്‍ക്കര്‍ഹതപ്പെട്ടത് നിഷേധിക്കുകയോ ചെയ്യുന്നതും ഉചിതമല്ല. ജാതിയും മതവുമൊന്നും ജനപ്രതിനിധിയുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ അത്രപോലും പരിഗണനാവിഷയമാവാന്‍ പാടില്ല. രണ്ടുവര്‍ഷത്തെ എന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന തൃത്താലയിലെ ജനങ്ങള്‍ക്ക് ഇക്കാര്യം നന്നായിയറിയാം.
അതുകൊണ്ടുതന്നെ എന്റെ വ്യക്തിപരമായ മതവിശ്വാസവും (വിശ്വാസമില്ലായ്മയും) എം എല്‍ എ എന്ന നിലയിലെ കര്‍ത്തവ്യനിര്‍വ്വഹണവും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യസ്ത ജാതിയിലും മതത്തിലും രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പെട്ടവരും ഒന്നിലും ഉള്‍പ്പെടാത്തവരുമൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു വ്യക്തി തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍പ്പിന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആളായി മാറുന്നതാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസവഞ്ചന. രാഷ്ട്രീയപാര്‍ട്ടിയുടെ ലേബലില്‍ അതിന്റെ ചിഹ്നത്തില്‍ വോട്ട് തേടി വിജയിക്കുന്നതുകൊണ്ട് ജനപ്രതിനിധിയെ വേണമെങ്കില്‍ ആ പാര്‍ട്ടിക്കാരനായി കാണാം. ആ അര്‍ത്ഥത്തില്‍ എന്നെ “കോണ്‍ഗ്രസ് എം എല്‍ എ” എന്ന് വിളിക്കുന്നതില്‍ സന്തോഷിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍പ്പോലും മറ്റുള്ള പാര്‍ട്ടിക്കാരോടും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവരോടും അവഗണന കാണിക്കുകയോ അവര്‍ക്കര്‍ഹതപ്പെട്ടത് നിഷേധിക്കുകയോ ചെയ്യുന്നതും ഉചിതമല്ല. ജാതിയും മതവുമൊന്നും ജനപ്രതിനിധിയുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ അത്രപോലും പരിഗണനാവിഷയമാവാന്‍ പാടില്ല. രണ്ടുവര്‍ഷത്തെ എന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന തൃത്താലയിലെ ജനങ്ങള്‍ക്ക് ഇക്കാര്യം നന്നായിയറിയാം.
ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല എന്ന ഒരു നിലപാടും ഞാനെടുത്തിരുന്നില്ല. എന്നാല്‍ ആ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സാംഗത്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പാര്‍ട്ടി നേതൃത്ത്വത്തോട് പങ്കുവെക്കുകയും കഴിയുമെങ്കില്‍ വോട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു ചെയ്തത്. എന്നാല്‍ നിയമസഭ ചേരുന്ന ആദ്യ ദിവസം തന്നെ തെരഞ്ഞെടുപ്പ് വന്നതിനാല്‍ വിശദമായ കൂടിയാലോചനകള്‍ക്ക് സമയം കിട്ടാതിരുന്നതിനാല്‍ തത്കാലം മുന്‍ നിശ്ചയപ്രകാരം പാര്‍ട്ടി വിപ്പ് അനുസരിച്ച് വോട്ട് ചെയ്യണമെന്ന് നേതൃത്ത്വം ആവശ്യപ്പെട്ടതിനനുസരിച്ചും അതനുസരിക്കാന്‍ നിയമപരമായി ബാദ്ധ്യതപ്പെട്ടയാള്‍ എന്ന നിലയ്ക്കും ഞാന്‍ വോട്ട് ചെയ്തു എന്നതാണ് വസ്തുത. അഭിപ്രായങ്ങള്‍ പറയാനുള്ള അവസരങ്ങളില്‍ അവ സധൈര്യം പറയുക, അതിന്റെയടിസ്ഥാനത്തിലുള്ള ആശയസംവാദങ്ങളെ മുന്നോട്ട് കൊണ്ടുപോകുക, എന്നാല്‍ പൊതുതീരുമാനങ്ങള്‍ അംഗീകരിക്കുക എന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനരീതി മനസ്സിലാകാത്ത ചിലരാണ് അതിനെതിരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുന്നതിനോ ജയിക്കുന്നതിനോ ഒരിക്കല്‍പ്പോലും ജനിച്ച വിഭാഗത്തിന്റെ പ്രത്യേകമായ ഒരു അഡ്രസും ഉപയോഗിക്കാത്തതിനാലും ആ സമുദായത്തിന്റെ പേരിലുള്ള സംഘടനയുടെ ആസ്ഥാനത്ത് ഒരിക്കല്‍പ്പോലും പോകാത്തതിനാലും അതിന്റെ നേതാവിനോട് ഫോണില്‍പ്പോലും ഒരിക്കലും സംസാരിച്ചിട്ടില്ലാത്തതിനാലും എനിക്ക് സമുദായ സംഘടനകളുടെ രാഷ്ട്രീയകാര്യങ്ങളിലുള്ള അമിതമായ ഇടപെടലുകളെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒരിക്കലും ഒരു മനസാക്ഷിക്കുത്തും അനുഭവിക്കേണ്ടി വന്നിട്ടില്ല. തെരഞ്ഞെടുപ്പ് രംഗത്ത് ഏതൊരു വോട്ടറോടും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ വോട്ട് അഭ്യര്‍ത്ഥിക്കാറുണ്ട്. എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍പ്പോലും ഞാന്‍ പോയി വോട്ട് ചോദിച്ചിട്ടുണ്ട്. ഏതെങ്കിലും വോട്ടര്‍ ഞാന്‍ ഒരു പ്രത്യേക സമുദായത്തിലെ അംഗമാണെന്ന് ധരിച്ചോ തെറ്റിദ്ധരിച്ചോ അതിന്റെ പേരില്‍ മാത്രം, എന്നെയോ എന്റെ രാഷ്ട്രീയത്തേയോ വിലയിരുത്താതെ, എനിക്കനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് ആ വോട്ടറുടെ രാഷ്ട്രീയപ്രബുദ്ധതയില്ലായ്മ എന്ന് മാത്രമേ പറയാന്‍ കഴിയൂ. അങ്ങനെയുള്ള ആളുകളല്ല എന്റെ നാട്ടിലേത് എന്ന് എനിക്ക് നന്നായറിയാം.
എന്റെ വിശ്വാസമെന്നത് എന്റെ സ്വകാര്യതയുടെ ഭാഗമാണ്. എനിക്ക് ചില വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമൊക്കെ ഉണ്ട്, അതീ ഘട്ടത്തില്‍ വിശദീകരിക്കേണ്ട കാര്യമില്ല. എന്നാല്‍ അതൊന്നും ഇന്ന് നിലനില്‍ക്കുന്ന ഏതെങ്കിലും മതത്തിന്റെ ഭാഗമായുള്ളതല്ല. ആ അര്‍ത്ഥത്തില്‍ ഞാനൊരു മതവിശ്വാസിയല്ല. എല്ലാ മതങ്ങളിലും നന്മയുടെ പ്രകാശകിരണങ്ങള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും പൊതുവില്‍ ആധുനിക ലോകത്തിന്റെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഏതെങ്കിലും മതത്തിന് കഴിയുമെന്ന കാര്യത്തില്‍ എനിക്ക് പ്രതീക്ഷയില്ല. അതുകൊണ്ടുതന്നെ മതാചാരങ്ങളോട് സാമൂഹികാചാരങ്ങള്‍ എന്ന നിലയിലുള്ള പ്രതിപത്തി മാത്രമാണ് എനിക്കുള്ളത്, ആരാധനയുടെ ഭാഗമല്ലാതെത്തന്നെ അവയില്‍ പലതിലും പങ്കെടുത്തുവരുന്നുമുണ്ട്. അവയിലെ അനാരോഗ്യകരമായ വശങ്ങളോട് പലപ്പോഴും വിയോജിപ്പ് തുറന്നുതന്നെ പ്രകടിപ്പിച്ചിട്ടുമുണ്ട്. അതാണ് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ ചുമതല എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ വിയോജിപ്പുകളോട് ആശയപരമായി സംവദിക്കാന്‍ കഴിവില്ലാതെ വരുമ്പോള്‍ എതിരാളിയുടെ മാതാപിതാക്കളുടെയൊക്കെ പേരുപറഞ്ഞ് അധിക്ഷേപവര്‍ഷം നടത്തുന്നവരുടെ ഹീനതയും സംസ്ക്കാരരാഹിത്യവുമോര്‍ത്ത് സഹതപിക്കാനേ കഴിയൂ. തങ്ങളുടെ വിശ്വാസങ്ങള്‍ ഒരു പ്രായത്തിനുശേഷം എന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ എന്റെ മാതാപിതാക്കള്‍ ശ്രമിച്ചില്ല എന്നതില്‍ ഒരു മകനെന്ന നിലയില്‍ ഞാനഭിമാനം കൊള്ളുന്നു. എന്റെ കാഴ്ചപ്പാടുകള്‍ എന്റെ മക്കളിലേക്കും അടിച്ചേല്‍പ്പിക്കാതിരിക്കുക എന്ന നിലയിലാണതിന് പ്രതിഫലം നല്‍കേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഈ നാടിന്റെ സംസ്ക്കാരമാണ് “ഹിന്ദു സംസ്ക്കാരം”എന്നതുകൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ അതില്‍ ഞാനങ്ങേയറ്റം അഭിമാനിക്കുന്നു. എന്നാല്‍ അത് ഇന്ന് സംഘപരിവാര്‍ ഉയര്‍ത്തുന്ന ‘ഹിന്ദുത്വ’ത്തില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ്. നമ്മുടെ യഥാര്‍ത്ഥ സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ നന്മയായി കാണേണ്ടത് എല്ലാത്തരം അഭിപ്രായങ്ങളോടുമുള്ള സഹിഷ്ണുതയും അവയെ ഉള്‍ക്കൊള്ളുന്നതിനുള്ള കഴിവുമാണ്. ചാല്‍വാകരുടെ ദൈവ നിഷേധവും യുക്തിവാദവുമടക്കമുള്ള ഒരുപാട് വ്യത്യസ്ത ആശയങ്ങളുടെ സൌഹാര്‍ദ്ദപരമായ സമന്വയത്തെ നമ്മുടെ പഴമയില്‍ നിന്ന് കണ്ടെടുക്കാനാകും. ബ്രാഹ്മണ ഹൈന്ദവതയേയും യാഗങ്ങളടക്കമുള്ള യജ്ഞസംസ്ക്കാരത്തിലൂന്നിയ അതിന്റെ അധീശയുക്തിയേയും നിഷേധിച്ചുകൊണ്ട് വളര്‍ന്നുവന്ന ബൌദ്ധ, ജൈന പാരമ്പര്യവും നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗം തന്നെയാണ്. നമ്മുടെ സാംസ്ക്കാരിക പാരമ്പര്യത്തില്‍ നിന്ന് നാം ആവേശത്തോടെ സ്വീകരിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും ബഹുത്വത്തെ അംഗീകരിക്കാനുള്ള ഈയൊരു മനോഭാവമാണ്. ഒരു ബഹുമതസമൂഹത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടത് എണ്ണത്തില്‍ കൂടുതലുള്ളവര്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ മറ്റേതൊരു സംസ്ക്കാരത്തേയും പോലെ നമ്മുടേതിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. നമ്മുടേതെല്ലാം ശരി, പഴയതെല്ലാം മഹത്തരം എന്നൊക്കെയുള്ള മനോഭാവങ്ങല്‍ കപടവും അടിസ്ഥാന രഹിതവുമായ ചരിത്രനിഷേധങ്ങളാണ്. പഴമയെ കാര്‍പ്പനികവത്ക്കരിച്ച് അതിന്റെ മറവില്‍ ചരിത്രത്തിലെ ക്രൂരമായ നീതിനിഷേധങ്ങളെ മൂടിവെക്കാനുള്ള വ്യഗ്രത മതപുനരുത്ഥാനത്തിന്റെ സ്വഭാവമാണ്. നാം കൈവരിച്ച നവോത്ഥാനമൂല്യങ്ങളുടെ നേര്‍ എതിര്‍ദിശയിലാണ് ഈ പുനരുത്ഥാനത്തിന്റെ ഗതി. പഴമയുടെയും സംസ്ക്കാരത്തിന്റേയും പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സവര്‍ണ്ണത തിരിച്ചറിയാന്‍ അവയുടെ ഇരകളായിരുന്ന അവര്‍ണ്ണ, പിന്നാക്ക സമുദായങ്ങളിള്‍പ്പെട്ടവര്‍ക്കു പോലും കഴിയുന്നില്ല എന്നയിടത്താണ് മതവാദികര്‍ വിജയിക്കുന്നത്. അങ്ങനെയാണ് ‘വിശാല ഹിന്ദു ഐക്യം’ പോലുള്ള മുദ്രാവാക്യങ്ങള്‍ക്ക് സംഘപരിവാറിന്റേയും ജാതി സംഘടനകളുടേയും കാര്‍മ്മികത്വത്തില്‍ കളമൊരുങ്ങുന്നത്. ഹിന്ദു സംസ്ക്കാരത്തിന്റെ പേരില്‍ ആക്രമോത്സുക രാഷ്ട്രീയ പ്രത്യയശാസ്ത്രമായ ‘ഹിന്ദുത്വം’ പ്രചരിപ്പിക്കുന്ന മോഡിയിസ്റ്റുകളും ഇസ്ല്ലാമിന്റെ പേരില്‍ മതരാഷ്ട്രവാദം പ്രചരിപ്പിക്കുന്ന ഇസ്ലാമിസ്റ്റുകളും ഉയര്‍ത്തുന്ന ഇടുങ്ങിയതും കാലഹരണപ്പെട്ടതും അപകടകരവുമായ കാഴ്ചപ്പാടുകളെ തുറന്നെതിര്‍ക്കുക എന്നത് ജനാധിപത്യ, മതേതര വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ഏതൊരാളുടേയും ചുമതലയാണ്.
ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുന്നതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നാണ് ചിലരുടെ ഭീഷണി. ഞാന്‍ ‘ഹിന്ദു’ക്കള്‍ക്കെതിരെ സ്ഥിരമായി വിമര്‍ശനമുന്നയിക്കുന്നെന്നും അത് മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചിട്ടാണെന്നുമാണ് അവരുടെ വാദം. അങ്ങനെയാണെങ്കില്‍ ഈ ‘ബുദ്ധി’ ബാക്കിയെല്ലാവരും സ്വീകരിക്കാത്തതെന്തേ എന്ന മറുചോദ്യമൊന്നും അവര്‍ക്ക് പ്രസക്തമല്ല. ജനങ്ങളെ മനുഷ്യരായല്ല, മറിച്ച് ജാതിയുടേയും മതത്തിന്റേയുമൊക്കെ അടിസ്ഥാനത്തിലേ അവര്‍ക്ക് കാണാന്‍ കഴിയൂ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. ഹിന്ദുക്കളെ ആക്ഷേപിച്ചാല്‍ അതിന്റെ പേരില്‍ ആഹ്ലാദിക്കുന്നവരാണ് മുസ്ലീങ്ങളെന്നതും തിരിച്ചും ഇരുഭാഗത്തുമുള്ള മതഭ്രാന്തന്മാരുടെ വികലബുദ്ധിയുടെ മാത്രം ഭാവനയാണ്, എനിക്കാ തെറ്റിദ്ധാരണയില്ല. വെറും 3200 വോട്ടിന്റെ മാത്രം നേരിയ ഭൂരിപക്ഷമുള്ള എന്റെ മണ്ഡലത്തില്‍ ഏതെങ്കിലും ഒരു സമുദായം മാത്രം വിചാരിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മതാന്ധതയ്ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുമൊക്കെ പല ഘട്ടങ്ങളിലും നിലപാടുകളെടുക്കുന്നത്.
അതുകൊണ്ടുതന്നെ മതവാദികളോട് വിനീതമായി പറയട്ടെ, എനിക്ക് ഹിന്ദുക്കളുടെ വോട്ട് മതി, ഹിന്ദുത്വവാദികളുടെ വോട്ട് വേണ്ട, മുസ്ലീങ്ങളുടെ വോട്ട് മതി ഇസ്ലാമിസ്റ്റുകളുടെ വോട്ട് വേണ്ട. ക്രിസ്ത്യാനികളുടെ വോട്ട് മതി അവരിലെ വര്‍ഗ്ഗീയവാദികളുടെ വോട്ട് വേണ്ട. നമ്പൂതിരിയും നായരും ഈഴവനും മറ്റ് പിന്നോക്കക്കാരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും മതരഹിതരുമൊക്കെ വോട്ട് ചെയ്താണ് എന്നേപ്പോലെ ഒരു പുതുമുഖം തെരഞ്ഞെടുപ്പില്‍ ജയിച്ചത്. തൃത്താലയുടെ നല്ല ഭാവിയാണ് അവരെയെല്ലാം അങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. അഞ്ചുവര്‍ഷത്തിനൊടുവില്‍ ആ പ്രതീക്ഷ ഒരു ജനപ്രതിനിധി എന്ന നിലയില്‍ സഫലീകരിക്കാന്‍ എനിക്ക് കഴിഞ്ഞാല്‍ അവര്‍ വീണ്ടും എനിക്ക് വോട്ടുചെയ്തുകൊള്ളും. കേരളത്തിലൊട്ടാകെ സാമൂഹ്യമാറ്റത്തിന്റെ സിംഹഗര്‍ജ്ജനം മുഴക്കിയ വി.ടി.ഭട്ടതിരിപ്പാടിന്റെ കിനാവും കണ്ണീരും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന തൃത്താലയുടെ മണ്ണിന് ആ രാഷ്ട്രീയ പ്രബുദ്ധത കൈമോശം വരില്ല.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


