Advertisement

Latest News

മണിപ്പാല്‍ മാനഭംഗം: മൂന്ന് മണിക്കൂറോളം പീഡിപ്പിക്കപ്പെട്ടെന്ന് പെണ്‍കുട്ടി

By smug - Sunday, June 23, 2013

മണിപ്പാലില്‍ കൂട്ട മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ മൂന്ന് മണിക്കൂറോളം പ്രതികള്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കും. അതേസമയം സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്ജ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറടക്കമുള്ള മൂന്ന് പ്രതികളും രണ്ട് തവണ വീതം പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ചെറുത്തുനിന്ന തന്നെ ബലം പ്രയോഗിച്ച് ആക്രമിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൗണ്‍സിലര്‍മാരുടെയും വനിതാ പൊലീസിന്റേയും സഹായത്തോടെയാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തിയത്. കുട്ടിയുടെ നിലമെച്ചപ്പെട്ടുവെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി. രാവിലെ കസ്തൂര്‍ബാ ആശുപത്രിയിലെത്തിയ ആഭ്യന്തര മന്ത്രി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനും ആവശ്യമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളാ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം താനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞിരുന്നതായും കെ ജെ ജോര്‍ജ്ജ് പറഞ്ഞു. 50ല്‍ അധികം പേരെ ഇതിനകം ചോദ്യം ചെയ്തുവെന്ന്, ആഭ്യന്തരമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത എഡിജിപി വിപിന്‍ ഗോപാല്‍ കൃഷ്ണ വ്യക്തമാക്കി. പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ആഭ്യന്തര മന്ത്രി അഭ്യര്‍ത്ഥിക്കുമ്പോഴും സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന് ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ ഉഡുപ്പിയില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എബിവിപി നേതാക്കള്‍ അറിയിച്ചു.


Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement