ഇളവ് നീട്ടിയതറിയാതെ ബഷീര്‍ ജീവനൊടുക്കി
By smug - Tuesday, July 2, 2013

ആലുവ: നിതാഖാത്തിന്റെ ഇളവുകാലം നാല് മാസത്തേക്ക് നീട്ടിയതറിയാതെ ആലുവ കൊടികുത്തുമല സ്വദേശി ബഷീര്‍ ജീവനൊടുക്കി. ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം താന്‍ ജയിലില്‍ പോകുമെന്നത് ഭയന്ന് ബഷീര്‍ (38) തിങ്കളാഴ്ച രാത്രി സൗദിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കൊടികുത്തുമല പിലാപ്പിള്ളി വീട്ടില്‍ മുസ്തഫയുടെ മകനാണ് ബഷീര്‍.
പറക്കമുറ്റാത്ത മൂന്ന് കുട്ടികളേയും കൊണ്ട് ഭര്‍ത്താവിന്റെ മൃതദേഹവുമായി നാട്ടിലേക്ക് എങ്ങനെ വരുമെന്ന പ്രതിസന്ധിയിലാണ് ബഷീറിന്റെ ഭാര്യ തസ്ലീന.
നിതാഖാത്ത് കര്‍ശനമാക്കിയതോടെയാണ് ബഷീറിന് തന്റെ പ്ലാസ്റ്റിക് കട അടച്ചുപൂട്ടേണ്ടിവന്നത്.
വിദേശി തൊഴിലാളികള്‍ക്ക് തൊഴില്‍, താമസ രേഖകള്‍ ശിക്ഷയോ പിഴയോ കൂടാതെ നിയമവിധേയമാക്കുന്നതിനുള്ള സൗദി ഭരണ കൂടം അനുവദിച്ചുള്ള ഇളവുകാലം ബുധനാഴ്ച അവസാനിക്കേണ്ടതായിരുന്നു. അതിനു ശേഷം നിയമം ലംഘിക്കുന്നവരെ തിരഞ്ഞു പിടിച്ച് നിയമാനുസൃതമായ കടുത്ത ശിക്ഷകള്‍ നല്‍കണമെന്നായിരുന്നു സൗദി രാജാവിന്റെ ഉത്തരവ്.
അതിനിടയിലാണ് നവംബര്‍ മൂന്നുവരെ നിതാഖാത്ത് ഇളവുചെയ്ത് സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവിട്ടത്.
ഉത്തരവ് ഇറങ്ങും മുന്‍പേ ബഷീര്‍ ഇന്ത്യന്‍ സമയം രാത്രി ഒന്നേകാലോടെ നിതാഖാത്തും നിയമക്കുരുക്കുകളൊന്നമില്ലാത്ത ലോകത്തേക്ക് പോയിരുന്നു. എട്ട് മാസം പ്രായമുള്ള ഇളയകുട്ടി അംമ്രയുടെ തൊട്ടിലിന്റെ കയറില്‍ തൂങ്ങിയാണ് ബഷീര്‍ ജീവിതമവസാനിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ബഷീര്‍ മരിച്ചതായി വീട്ടുകാര്‍ക്ക് അറിയിപ്പു വരികയായിരുന്നു. സൗദിയിലുള്ള സഹോദരന്‍ സുധീര്‍ ആണ് കുടുംബത്തിനൊപ്പമുള്ളത്. അംമ്രയെ കൂടാതെ ഒന്‍പതു വയസുകാരന്‍ മുഹമ്മദ് മനഫാദ്, ആറ് വയസുകാരി ഫില്‍ദ എന്നിവരായിരുന്നു ബഷീര്‍ -തസ്ലീന ദമ്പതിമാര്‍ക്ക് ഉള്ളത്.
ആത്മഹത്യയായതിനാല്‍ സൗദിയില്‍ തുടര്‍ നടപടികള്‍ വൈകും. തന്റെ ശരീരം സൗദിയില്‍ തന്നെ അടക്കണമെന്ന് ബഷീര്‍ എഴുതി വെച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
Follow our blog on Twitter, become a fan on Facebook. Stay updated via RSS