Advertisement

Latest News

പെണ്ണൊരുമ്പെട്ടാൽ..!

By smug - Wednesday, July 3, 2013



""മത്തായിച്ചോ കേരള രാഷ്ട്രീയത്തിൽ എന്നും "സ്ത്രീ' വിഷയമാണല്ലോ?
പണ്ട് പി.ടി. ചാക്കോ ഒരു പെണ്ണിനെ മഴ നനയാതിരിക്കാൻ കാറിൽ കേറ്റിയതിന് എന്തു പുകിലായിരുന്നു! അതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിയും വന്നു.''
""മഴ നനയാതിരിക്കാൻ കാറിൽ കേറ്റിയെന്നോ? അതു പുതിയ അറിവാണല്ലോ? അല്ലേലും അവന്മാർ അതല്ല അതിലപ്പുറവും പറയും. ചാക്കോച്ചന് പുറമേ ഔസേപ്പച്ചനെ വിമാനത്തിൽ വച്ച് ഒരു പെണ്ണിനെ മുട്ടിയെന്നു പറഞ്ഞു പുറത്താക്കി. പിന്നെ സൂര്യനെല്ലീടെ പേരിൽ കുര്യച്ചനെതിരെ എന്തു പുകിലായിരുന്നു ! സോണിയ ഒണ്ടാരുന്നതുകൊണ്ട് കുര്യച്ചൻ രക്ഷപ്പെട്ടു. ഇപ്പം ‌ഞങ്ങടെ കുഞ്ഞൂഞ്ഞിനെ ഒരു ബന്ധവുമില്ലാത്ത സരിതയുടെ പേരിൽ എങ്ങനെ രാജിവയ്പിക്കാമെന്നു നോക്കുകയാ. അതിനിച്ചിരി പുളിക്കും...കുഞ്ഞൂഞ്ഞ് ഇതെത്ര കണ്ടതാ...''

""പെണ്ണു കേസിൽ നാടാർ രാജിവച്ചു. ഗണേശൻ രാജിവച്ചു. ഞങ്ങടെ എടേലും രാജി ഒണ്ടായെങ്കിലും പെണ്ണുകേസിൽ കൂടുതൽ രാജി നിങ്ങൾ അച്ചായന്മാരുടെ കാര്യത്തിലാ ഒണ്ടായത്. ദേ, ഇപ്പോഴിതാ തെറ്റയിലിന്റെ കേസും...''

""അതു മനഃപൂർവമാ. അല്ലേൽ ഞങ്ങടെ കഴിവാന്നു കൂട്ടിക്കോ? അസൂയപ്പെട്ടിട്ട് ഒരു കാര്വവുമില്ല.

കേരള രാഷ്ട്രീയം ഏതെങ്കിലും പെണ്ണിന്റെ സാരിത്തുമ്പിൽ ചുറ്റിക്കറങ്ങുന്നത് നാണക്കേടല്ലേ? പെണ്ണൊരുമ്പെട്ടാൽ ഇതല്ല, ഇതിലപ്പുറവും നടക്കും. എന്നാലും ഞങ്ങടെ ഒ.സിയെ വെറുതെ സരിതക്കേസുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. ഓടിപ്പാഞ്ഞു നടക്കുമെങ്കിലും ആളു മാന്യനാ. നാറ്റക്കേസൊന്നും പിടിക്കില്ല. എന്നിട്ടും കുടുക്കാൻ നോക്കുകയാ. പേഴ്സണൽ സ്റ്റാഫിലെ ജോപ്പന്മാർ കൊഴപ്പം കാണിച്ചതിന് കൂഞ്ഞൂഞ്ഞ് എന്നാ ചെയ്യാനാ? അവന്മാരു മൊബൈൽ വിളിച്ചതും ഇപ്പം കുഞ്ഞൂഞ്ഞിന്റെ പെടലിക്കായി...''

""അതേയ്, ജനകീയനാണെന്നു കാണിക്കാൻ പല വേലയുമുണ്ടല്ലോ? പണ്ട് കീറാത്ത ഷർട്ട് കീറി ഇട്ടു... അമേരിക്കൻ പ്രസി‌ഡന്റിനു വരെ മലയാളത്തിൽ കത്തെഴുതി കണ്ണുതള്ളിച്ചു. പല മഷിയിൽ ശുപാർശക്കത്ത്... ഇങ്ങനെ പറയാൻ എന്തെന്തു കഥകൾ ...''

""എന്നാലും വേറെയാൾക്കാര് ഫോൺവിളിച്ചതിന് മുഖ്യൻ രാജിവയ്ക്കാൻ പറയുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ? ലോകത്ത് എവിടെയെങ്കിലും അങ്ങനെ നടന്നിട്ടുണ്ടോ?''
സ്വന്തമായി മൊബൈൽ ഫോൺ വച്ചിരുന്നെങ്കിൽ ഈ കൊഴപ്പം വല്ലോം ഒണ്ടാകുമായിരുന്നോ? മൊബൈൽ ഇല്ലെങ്കിലും ബില്ലിന് ഒരു കുറവുമില്ല. നാലര ലക്ഷം വരെയാ ബില്ല്. മുഖ്യന് മൊബൈൽ ഫോണില്ലാത്ത സ്ഥിതിക്ക് ഖജനാവിൽ നിന്ന് എങ്ങനെ ഈ പണം ഈടാക്കാൻ കഴിയും? കഴി‌ഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മൈബൈൽ ബിൽ എത്ര ലക്ഷം വരും? ബണ്ടിച്ചോറിനും കുഞ്ഞൂഞ്ഞിനും മാത്രമാ സ്വന്തം മൊബൈൽ ഇല്ലാത്തത്, ഹ...ഹ...ഹ...''

""തങ്കപ്പാ കളിച്ച് കളിച്ച് അച്ചായന്മാർക്കിട്ട് തന്നെ പണിയണം... നിങ്ങടെ സരിതാ നായരെയും ബിജു നായരെയും ന്യൂനപക്ഷക്കാര് കുടുക്കിയെന്ന പരാതി ഏതായാലും താക്കോൽസ്ഥാനത്തു നിന്ന് ഒണ്ടായില്ല... അതു നന്നായി. ഇനി വല്ലതും പറഞ്ഞാൽ നമ്മൾ തമ്മിൽ തെറ്റും. അതുകൊണ്ട് ചർച്ച നിറുത്താം. തണുപ്പു മാറ്റാൻ രണ്ടെണ്ണം വീശാം... അവനെന്തിയേ...''

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement