Advertisement

Latest News

കടലിനടിയില്‍ വരുന്നു ഒരു ആഡംബര ഹോട്ടല്‍ !

By smug - Monday, July 1, 2013

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും, ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളും, മനുഷ്യ നിര്‍മ്മിത ദ്വീപും ഒക്കെ നിര്‍മ്മിച്ച്‌ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ദുബായില്‍ ഇനി വരാന്‍ പോകുന്നത് വെള്ളത്തിനടിയില്‍ നിര്‍മ്മിക്കുന്ന ഹോട്ടല്‍ ആണ്. അതെ മുകളിലെ റെക്കോര്‍ഡ്‌ എല്ലാം തകര്‍ത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി വെള്ളത്തിനടിയില്‍ ആകുന്നതാവുമല്ലോ നല്ലത്. ദി വാട്ടര്‍ ഡിസ്കസ് എന്ന പേരിട്ടിരിക്കുന്ന ഈ പ്രൊജക്റ്റ്‌ ഉടന്‍ തന്നെ ആരംഭിക്കും. കഴിഞ്ഞ ബുധനാഴ്ച ആനുവല്‍ ഇന്‍വെസ്റ്മെന്റ്റ്‌ മീറ്റില്‍ ബിഗ്‌ ഇന്‍വെസ്റ്റ്‌ കണ്‍സല്റ്റ് എന്ന സ്വിസ്സ് കമ്പനിയുമായി ദുബായ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. സമുദ്ര നിരപ്പില്‍ നിന്നും 32 അടി താഴെയായി 21 മുറികളും ഒരു സെന്‍റെര്‍ ഹാളും ആയാണ് ഡിസൈന്‍ ചെയ്തിരികുന്നത്. ഓരോ റൂമില്‍ വെച്ചും കടലിന്‍റെ സൗന്ദര്യം ഒപ്പിയെടുക്കാന്‍ ഗ്ലാസ്‌ വിന്‍ഡോകളും പ്രത്യേക വെളിച്ച ക്രമീകരണവും ഉണ്ടായിരിക്കും.കടലിന്‍റെ അഗാധ നീലിമയില്‍,ഒരു അഖ്‌വേറിയത്തില്‍ കിടന്ന്‍ ഉറങ്ങുന്ന പ്രതീതി ആയിരിക്കും ഇത് നല്‍കുക. ഡീപ്‌ ഓഷ്യന്‍ ടെക്നോളജി എന്ന കമ്പനി ആണ് ഇതിന്‍റെ പിന്നില്‍.

ഡീപ് ഓഷ്യന്‍ ടെക്നോളജിസ് അഥവാ ഡോട്ടിന്റെ പ്ലാന്‍ അനുസരിച്ച് ഈ ഹോട്ടലിന് വെള്ളത്തിന്റെ ലെവല്‍ അനുസരിച്ച് മാറാന്‍ സാധിക്കും. അത് കൂടാതെ എന്തെങ്കിലും പ്രകൃതിപരമായ മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ഇതിനെ എടുത്തു വേറെ എങ്ങോട്ടെങ്കിലും മാറ്റുവാനും സാധിക്കും. അത് പോലെ കാലാവസ്ഥ മാറ്റങ്ങള്‍ സംബന്ധിച്ച മാറ്റങ്ങള്‍ അറിയുക്കുവാന്‍ ഒരു മോണിറ്ററിംഗ് സിസ്റ്റവും ഉണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് ഹോട്ടലിലെ അഥിതികളുടെ ജീവന്‍ ഭൂകമ്പം, സുനാമി എന്നിവയില്‍ നിന്നും കാത്തു രക്ഷിക്കാനും സാധിക്കും (ഈ കാര്യത്തില്‍ ലേഖകന് ഒരു സംശയം ഇല്ലാതില്ല). വെള്ളത്തിന്റെ മുകളിലെ ഭാഗവും അടിയിലെ അണ്ടര്‍ വാട്ടര്‍ ഏരിയയും തമ്മില്‍ ബന്ധിപ്പിക്കുന്നത് 3 ലോഹക്കാലുകള്‍ കൊണ്ടാണ്. അതിലൂടെ ആണ് അഥിതികള്‍ക്ക് എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. എന്തായാലും ഈ പ്രൊജെക്റ്റ് എന്ന് അവസാനിക്കുമെന്നോ എത്ര മാത്രം കാശ ചിലവാകുമെന്നോ എന്നതിന് കുറിച്ച് യാതൊരു വാര്‍ത്തയും ഇത് വരെ പുറത്തു വന്നിട്ടില്ല. ഒരു കാര്യം മാത്രം അറിയാം, അതിലെ കുറച്ചു നേരത്തെ താമസത്തിന് നമ്മുടെ ഒക്കെ തറവാട് പണയം വെക്കേണ്ടി വരേണ്ടി വരും എന്നത്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement